കോഴിക്കോട്: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് യാത്രകൾക്ക് സംഘടിപ്പിക്കുന്നു. ഈ മാസം 14,21,28 തിയ്യതികൾ അതിരപ്പള്ളി, മൂന്നാർ ട്രിപ്പുകളാണ് ഉള്ളത്. രണ്ടുദിവസം നീണ്ടുനിൽക്കുന്ന യാത്രക്ക് ഒരാൾക്ക് 1830 രൂപയാണ് ഈടാക്കുന്നത്. 15,ന് കണ്ണൂർകോട്ട, പയ്യാമ്പലം ബീച്ച് യാത്രകളാണ് വരുന്നത്. 29ന് കണ്ണൂർകോട്ട, അറക്കൽ മ്യൂസിയം എന്നിവയും കാണാൻ പോകാം. പയ്യാമ്പലം യാത്രയ്ക്ക് 690 രൂപയും അറക്കൽ മ്യൂസിയം കാണാൻ 730 രൂപയുമാണ്് ചാർജ്ജ്. 19നുള്ള മൂന്ന് ദിവസത്തെ വാഗമൺ-കുമിളി യാത്രയ്ക്ക് 4430 രൂപയാണ് നിരക്ക്. 25നാണ് സൈലന്റ് വാലിയിലേക്കുള്ള യാത്ര. ഒരു ദിവസത്തെ യാത്രയ്ക്ക് 1750 രൂപയാണ് ചെലവ്. വയനാട്ടിലേക്ക് 14, 22, 27, 29 തിയ്യതികളിൽ 590 രൂപ ചാർജ്ജിൽ യാത്ര പോകാം. 29 ന് ഗവിയിലേക്കുമാണ് യാത്രകൾ.
കോഴിക്കോടുനിന്ന് തുഷാരഗിരി, വയലട എന്നിവിടങ്ങളിലേക്ക് 14നും 25നും ട്രിപ്പുണ്ട്. ഒരു ദിവസത്തെ യാത്രക്ക് 310 രൂപയാണ് ചാർജ്ജ്. കോഴിക്കോട് നിന്ന് ഗുരുവായൂർ, പമ്പ വഴി ശബരിമല സന്നിധാനത്തിലേക്കും സർവീസ് ഉണ്ട്. 1380 രൂപ മുതൽ 1720 രൂപ വരെയാണ് ഈടാക്കുന്നത്. രണ്ടു മുതൽ മൂന്നുദിവസം വരെയുള്ള യാത്രയാണ്. കോഴിക്കോട് ഡിപ്പോ കേന്ദ്രീകരിച്ചാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. ബജറ്റ് ടൂറിസം സെല്ലിന് കീഴിലുള്ള യാത്രകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. വിനോദ യാത്രകൾക്കുള്ള ബുക്കിങ്ങുകൾ തുടരുകയാണെന്ന് കോഴിക്കോട് ഡിപ്പോ ടൂർ കോഡിനേറ്റർ പറഞ്ഞു. ഇതിന് പുറമെ പുതുവത്സര ആഘോഷത്തിനായി ബംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്ക് പതിനെട്ടോളം അവധിക്കാല സർവീസുകളും കെ.എസ്.ആർ.ടി.സി ഒരുക്കിയിട്ടിട്ടുണ്ട്. ജനുവരി രണ്ട് വരെ അധിക സർവീസുകൾ തുടരും. കോഴിക്കോട് നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള ബംഗളൂരൂ, മൈസൂർ റൂട്ടിൽ ആറ് സർവീസുകളാണ് നടത്തുന്നത്.
0 Comments