വാഷിങ്ടൺ: മകൻ ഹണ്ടറിനെതിരേയുള്ള കേസുകളിൽ പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് പൊതുമാപ്പ് നൽകി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. അധികാരത്തിൽനിന്ന് ഇറങ്ങാൻ ഒരു മാസം കൂടി ബാക്കി നിൽക്കെയാണ് ബൈഡന്റെ നടപടി. മകൻ ഹണ്ടർ ബൈഡനെതിരേയുള്ള തോക്ക് കൈവശംവയ്ക്കൽ, നികുതി വെട്ടിപ്പ് കേസുകളിലാണ് മകന് ബൈഡൻ പൊതുമാപ്പ് നൽകിയത്. ഇനിയൊരിക്കലും താൻ പ്രസിഡന്റ് പദത്തിലെത്താൻ സാധ്യതയില്ലെന്ന് മനസിലാക്കിയാണ് അധികാരത്തിന്റെ അവസാന നാളുകളിൽ ബൈഡൻ മകനെതിരേയുള്ള നിയമക്കുരുക്ക് ഒഴിവാക്കിയത്. നേരത്തെ പലതവണ മകന്റെ കേസിൽ പൊതുമാപ്പ് നൽകില്ലെന്ന് ബൈഡൻ നിലപാടെടുത്തിരുന്നു. ഇതോടെ സ്വന്തം മകന് പൊതുമാപ്പ് നൽകുന്ന ആദ്യ യു.എസ് പ്രസിഡന്റ് കൂടിയായി ജോ ബൈഡൻ മാറി.
കഴിഞ്ഞ സെപ്റ്റംബറിലാണ് നികുതി വെട്ടിപ്പ് കേസിൽ ഹണ്ടർ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. ജൂണിൽ ലഹരി വസ്തു ഉപയോഗം, നിയമവിരുദ്ധമായി തോക്ക് കൈവശംവയ്ക്കൽ എന്നീ കേസുകളിൽ പ്രത്യേക വിചാരണ വേണമെന്നും നീതിന്യായ വകുപ്പ് തീരുമാനിച്ചിരുന്നു. ഡിസംബർ 16നാണ് ഹണ്ടർ ബൈഡനെതിരേയുള്ള തോക്ക് കൈവശംവയ്ക്കൽ കേസിൽ വിധി വന്നത്. ഹണ്ടർ കുറ്റക്കാരനാണെന്നാണ് കോടതി കണ്ടെത്തിയത്. ബൈഡന്റെ നടപടിക്കെതിരേ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. നീതിന്യായ വ്യവസ്ഥയെ ബൈഡൻ ദുരുപയോഗം ചെയ്തുവെന്നു ട്രംപ് കുറ്റപ്പെടുത്തി. ഇതുവരെ ബൈഡന്റെ ഭരണകാലത്ത് 26 പേർക്ക് പൊതുമാപ്പ് നൽകിയിട്ടുണ്ട്. സൈനിക നിയമം, നിരോധിത സ്വവർഗ രതി എന്നിവയിൽ 60 വർഷം വരെ തടവ് ലഭിക്കാവുന്നവർക്കാണ് ബൈഡൻ പൊതുമാപ്പ് നൽകിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ കഞ്ചാവ് ഉപയോഗിച്ചവർക്കും മയക്കുമരുന്നു കേസിലെ പ്രതികൾക്കും ബൈഡൻ പൊതുമാപ്പ് നൽകിയിരുന്നു.
0 Comments