കോഴിക്കോട്: ബേപ്പൂർ ഇന്റർനാഷനൽ വാട്ടർ ഫെസ്റ്റ് നാലാം സീസണിന്റെ സംഘാടക സമിതി ഓഫിസ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബേപ്പൂർ ഹാർബർ എൻജിനീയറിങ് ഓഫിസിൽ നടന്ന ചടങ്ങിൽ മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷനായി. ജില്ലാ കളക്ടർ സ്‌നേഹിൽ കുമാർ സിങ് ആമുഖപ്രഭാഷണം നടത്തി. 27, 28, 29 തീയതികളിൽ ബേപ്പൂർ മറീന ബീച്ചിലാണ് ഫെസ്റ്റ്. ജലകായികമേള, ജലഘോഷയാത്ര, അഡ്വഞ്ചർ വാട്ടർ സ്‌പോർട്സ്, കലാപരിപാടികൾ, ഭക്ഷ്യമേള എന്നിവ കോഴിക്കോട് ബീച്ച്, ബേപ്പൂർ മറീന, ഫറോക്ക് നല്ലൂർ, ചാലിയം എന്നിവിടങ്ങളിൽ നടക്കും. ഫുട്‌ബോൾ, ബീച്ച് വോളി, കബഡി, സൈക്ലിങ്, റോളർ സ്‌കേറ്റിങ്, മിനി മാരത്തൺ എന്നിവയും നടക്കും. ഡി.ടി.പി.സി സെക്രട്ടറി നിഖിൽ ദാസ് റിപ്പോർട്ട് അവതരിപ്പിച്ചു. തിറ കലണ്ടർ പ്രകാശനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. തിറ ആശാൻ പീതാംബരൻ മൂർക്കനാട് ഏറ്റുവാങ്ങി. ജോ. ഡയരക്ടർ ടൂറിസം ഡി. ഗിരീഷ് കുമാർ, ജനപ്രതിനിധികളും വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥ പ്രതിനിധികളും പങ്കെടുത്തു.
0 Comments