തിരുവനന്തപുരം: പുതിയ വൈദ്യുതി താരിഫ് ഈ ആഴ്ച തന്നെ സംസ്ഥാന വൈദ്യതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിക്കും. ഒക്‌ടോബർ 30ന് അവസാനിച്ച നിലവിലെ താരിഫ് കാലാവധി ഉപതിരഞ്ഞെടുപ്പ് ആയതിനാൽ സർക്കാരിന്റെ അഭ്യർത്ഥന പ്രകാരം റെഗുലേറ്ററി കമ്മിഷൻ മാറ്റിവയ്ക്കുകയും നവംബർ 30 വരെ നീട്ടുകയും ചെയ്യുകയായിരുന്നു. പുതിയ താരിഫ് റെഗുലേറ്ററി കമ്മിഷൻ തയാറാക്കിയിട്ടുണ്ട്. പ്രഖ്യാപനം ഈ ആഴ്ച അവസാനമാണെങ്കിലും ഡിസംബർ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ നിലവിൽ വരുന്ന രീതിയിലാണ് തീരുമാനം ഉണ്ടാകുക. യുണിറ്റിന് 34 പൈസ വർധനവും 10 പൈസ വേനൽക്കാല അധിക വർധനവുമാണ് കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ കെ.എസ്.ഇ.ബിയുടെ 34 പൈസ വർധിപ്പിക്കണമെന്ന ആവശ്യം റെഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടില്ല. അതേ സമയം, യൂണിറ്റിന് 20 പൈസയിൽ കൂടുതൽ വർധനവുണ്ടാകുമെന്നാണ് സൂചന. എന്നാൽ മുൻകാലത്തെ പോലെ ബി.പി.എൽ വിഭാഗത്തെ വർധനവിൽ നിന്ന് ഒഴിവാക്കിയേക്കും. തെളിവെടുപ്പിന്റെയും വിദഗ്ധ അഭിപ്രായം തേടിയ ശേഷമാണ് അന്തിമ താരിഫ് റെഗുലേറ്ററി കമ്മിഷൻ തയാറാക്കിയത്.
0 Comments