Ticker

6/recent/ticker-posts

ക്രിസ്തുമസ് അവധി: ട്രെയിനുകളിൽ സീറ്റില്ല, കെ.എസ്.ആർ.ടി.സി അധിക സർവീസൊരുക്കും

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവൽസര അവധിക്ക് നാട്ടിലെത്താൻ ട്രെയിൻ ടിക്കറ്റ് ലഭിക്കാത്ത മലയാളികൾക്ക് ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. ഇതര സംസ്ഥാനങ്ങളിലെ വിവിധ നഗരങ്ങളിൽ നിന്നും അധിക സർവിസ് ക്രമീകരിക്കാനാണ് കെ.എസ്.ആർ.ടി.സി നീക്കം.നിലവിൽ ഡിസംബർ 20ന് ശേഷം ബംഗളൂരു, ചെന്നൈ, മുംബൈ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നൊന്നും കേരളത്തിലേക്ക് ട്രെയിനുകളിൽ കൺഫേം ടിക്കറ്റ് കിട്ടാനില്ല. ചില ട്രെയിനുകളിൽ വെയ്റ്റിങ് ലിസ്റ്റ് 350 കടന്നിട്ടുണ്ട്.



നേത്രാവതി എക്സ്പ്രസിൽ ഡിസംബർ 20ന് ശേഷം സ്ലീപ്പറിലും തേർഡ് എസിയിലും ടിക്കറ്റ് കിട്ടാനില്ല.ഡൽഹിയിൽ നിന്നുള്ള മംഗള എക്സ്പ്രസിലും വെരാവൽ തിരുവനന്തപുരം എക്സ്പ്രസിലും സമാന അവസ്ഥയാണുള്ളത്. ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് ഐലൻഡ് എക്സ്പ്രസിൽ ഡിസംബർ 20, 21 തീയതികളിൽ ടിക്കറ്റ് കിട്ടാനില്ല. 22ന് ശേഷമുള്ള ദിവസങ്ങളിലാകട്ടെ സ്ലീപ്പർ ക്ലാസിൽ വെയ്റ്റിങ് ലിസ്റ്റ് 200ന് മുകളിലാണ്. മൈസൂരു കൊച്ചുവേളി എക്സ്പ്രസിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റ് പോലും ഇല്ല. ചെന്നൈ തിരുവനന്തപുരം മെയിലിൽ സ്ലീപ്പർ വെയ്റ്റിങ് ലിസ്റ്റ് ഡിസംബർ 20, 23 കാലയളവിൽ 200നു മുകളിലാണ്. അനന്തപുരി എക്സ്പ്രസിൽ ഡിസംബർ 23ലെ വെയ്റ്റിങ് ലിസ്റ്റ് 350 കടന്നു.

ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യം വന്നതോടെ സ്വകാര്യ ബസുകൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. ബംഗളൂരൂ, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള സ്വകാര്യ ബസ് സർവിസുകളാണ് നിരക്ക് കൂട്ടിയത്. നിലവിൽ ആയിരം മുതൽ രണ്ടായിരം വരെയാണ് വർധന. തുടർദിവസങ്ങളിലും ഇത് വലിയതോതിൽ കൂട്ടിയേക്കും. വിമാന കമ്പനികളും നിരക്ക് നാലിരട്ടിയോളം വർധിപ്പിച്ച് കഴിഞ്ഞു. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള ടിക്കറ്റിന് ശരാശരി 13,500 മുതൽ 16,000 രൂപവരെയായി നിരക്ക്.


ഈ സാഹചര്യത്തിലാണ് യാത്രാ തിരക്കു പരിഗണിച്ച് ബംഗളൂരു, ചെന്നൈ, നാഗർകോവിൽ എന്നിവിടങ്ങളിലേക്ക് ക്രിസ്മസ്, ന്യൂഇയർ കാലത്ത് കെ.എസ്.ആർ.ടി.സി അധിക സർവിസ് നടത്തുന്നത്. പ്രതിദിന സർവിസുകൾക്ക് പുറമേ 90 അധിക സർവിസുകൾ നടത്താനാണ് തീരുമാനം. അതേസമയം, റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. കഴിഞ്ഞ വർഷം അവസാന നിമിഷം റെയിൽവേ സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചിരുന്നു.


Post a Comment

0 Comments