തലയാട് : തലയാട് ഗവ. ആയുർവേദ ആശുപത്രിയിലേക്കുള്ള വഴിയിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. രാത്രി കാലങ്ങളിൽ ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഇരുട്ടിൽ തപ്പി നടക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയായതിനാൽ ദൂര സ്ഥലങ്ങളിൽ നിന്നുപോലും ചികിത്സക്കായി നിരവധി പേരാണ് തലയാദ് ഗവ ആശുപത്രിയിലെത്തുന്നത്.
മലയോര പ്രദേശമായതിനാൽ മെയിൻ റോഡിൽ നിന്നും അൽപം മാറി സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്കുള്ള റോഡിൽ കാട്ടുപന്നികളും മറ്റു ഇഴജീവികളും ഉണ്ടാകുമോയെന്ന ഭയം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പനങ്ങാട് പഞ്ചായത്ത് സ്ഥാപിച്ച വിളക്കുകൾ ഇപ്പൊൾ പ്രവർത്തിക്കുന്നില്ല. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും, ആശുപത്രി ജീവനക്കാർക്കും ഭയം കൂടാതെ യാത്ര ചെയ്യാൻ ഈ പ്രദേശത്ത് തെരുവ് വിളക്ക് അത്യാവശ്യമാണെന്നിരിക്കെ അടിയന്തരമായി പരിഹാരം കാണണമെന്നാണ് ആശുപത്രി ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
0 Comments