ബാലുശേരി: ബാലുശേരി വട്ടോളിബസാറിൽ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വട്ടോളിബസാര്‍ കണിയാങ്കണ്ടി സുരേഷിൻ്റെ മകൻ നവല്കിഷോറാണ് (30) മരിച്ചത്. വീട്ടില്‍ നിന്നും ബാലുശേരിയിലേക്ക് പോകവേ അറപ്പീടികയിൽ ടി.കെ റോഡില്‍ നിന്നും സംസ്ഥാന പാതയിലേക്ക് പ്രവേശിച്ച കാർ നവൽ കിഷോറിൻ്റെ ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബൈക്കില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ നവല്‍ കിഷോറിനെ നാട്ടുകാര്‍ ഉടനെ ബാലുശേരി ഗവ.താലൂക്ക് ആശുപത്രയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടം വരുത്തി നിർത്താതെ പോയ കാർ പൊലിസ് പിൻതുടർന്ന് പിടികൂടി. നവല്‍ കിഷോര്‍ ദുബൈയില്‍നിന്നും നാലുമാസം മുമ്പാണ് നാട്ടിലെത്തിയത്. ഈ മാസം 11 ന് തിരിച്ചു പോകാനിരിക്കുകയായിരുന്നു. ഹൈവേ പൊലിസും , ബാലുശേരി പൊലിസും സ്ഥലത്തെത്തി തുടർ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്: ഷെറീന. സഹോദരന്: സോണല്കിഷോര്.
0 Comments