കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട് ഫറൂഖിയ മസ്ജിദിന് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി അബ്ദുൽ ഗഫൂറിന്റെ (55) മരണവുമായി ബന്ധപ്പെട്ട് മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന യുവതിയും ഭർത്താവും മറ്റു രണ്ട് സ്ത്രീകളും അടക്കം നാലുപേരെ കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലിസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒന്നാം പ്രതി ഉവൈസ് (38), രണ്ടാം പ്രതിയും ഉവൈസിന്റെ ഭാര്യയും മന്ത്രവാദിനിയെന്ന് അറിയപ്പെടുന്ന ശമീമ (38), മൂന്നാം പ്രതി അസിഫ (34), നാലാം പ്രതി വിദ്യാനഗർ പൊലിസ് സ്റ്റേഷൻ പരിധിയിലെ ആഇശ (40) എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി ഡി. ശിൽപയുടെ മേൽനോട്ടത്തിൽ ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ ജോൺസൺന്റെയും ബേക്കൽ ഇൻസ്പെക്ടർ കെ.പി ഷൈന്റെയും നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്. ശമീമയുടെ സഹായികളാണ് അറസ്റ്റിലായ അസിഫയും ആഇശയും.
ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ. സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് അബ്ദുൽ ഗഫൂറിന്റെ വീട്ടിൽ വച്ച് പ്രതികൾ മന്ത്രവാദം നടത്തിയെന്ന് പൊലിസ് കണ്ടെത്തി. സ്വർണം മുന്നിൽ വച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണം തിരിച്ചുനൽകേണ്ടി വരുമെന്ന് കരുതിയായിരുന്നു കൊലപാതകമെന്ന് പൊലിസ് പറഞ്ഞു. 596 പവൻ സ്വർണമാണ് സംഘം തട്ടിയത്. എം.സി അബ്ദുൽഗഫൂറിനെ 2023 ഏപ്രിൽ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് കരുതി മൃതദേഹം ഖബറക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെ മരണത്തിൽ സംശയമുയർന്നു. അബ്ദുൽ ഗഫൂറിന്റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലിസിലും മുഖ്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു. തുടർന്ന് മൃതദേഹം ഖബർസ്ഥാനിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം ചെയ്തു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയതോടെ അന്വേഷണം പ്രത്യേക ടീമിനെ ഏൽപ്പിക്കുകയുമായിരുന്നു.
0 Comments