Ticker

6/recent/ticker-posts

സ്‌കൂളുകൾക്ക് മുന്നിലെ റോഡുകളിൽ സ്പീഡ് ബ്രേയ്ക്കറുകൾ സ്ഥാപിക്കണം

കോഴിക്കോട് : ജില്ലയിലെ സ്‌കൂളുകൾക്ക് മുന്നിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകളിലൂടെ വാഹനങ്ങൾ അമിതവേഗത്തിൽ പോകുന്നത് ഒഴിവാക്കാൻ റോഡുകളിൽ വേഗത നിയന്ത്രിക്കുന്നതിനായുള്ള സ്പീഡ് ബ്രേയ്ക്കറുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാ റോഡ് സുരക്ഷ കൗൺസിൽ ചെയർമാൻ കൂടിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് ബന്ധപ്പെട്ട ഏജൻസികൾക്ക് നിർദേശം നൽകി.


ഇതിന് മുന്നോടിയായി ജില്ലയിലെ സ്‌കൂളുകൾക്കു മുന്നിലൂടെ കടന്നുപോവുന്ന ഏതൊക്കെ റോഡുകളിൽ വേഗനിയന്ത്രണ സംവിധാനമില്ലെന്ന് കണ്ടെത്തി പട്ടിക തയാറാക്കാനും ബന്ധപ്പെട്ട റോഡ് അധികൃതർക്ക് നൽകാനും കലക്ടർ നിർദേശിച്ചു.


ഡ്രൈവർമാരുടെ ശ്രദ്ധതെറ്റിക്കുന്നതും കാഴ്ച മറയ്ക്കുന്നതുമായ രീതിയിൽ റോഡരികുകളിൽ സ്ഥാപിച്ച ഹോർഡിങ്ങുകളും ബോർഡുകളും മാറ്റുകയോ ആവശ്യമായ പരിഹാര നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് കൗൺസിൽ യോഗം നിർദേശം നൽകി. കോഴിക്കോട് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ കെട്ടിടത്തിന് സമീപം സീബ്രാ ക്രോസിങ് സ്ഥാപിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ കോർപറേഷന് നിർദേശം നൽകി.

മിഠായിത്തെരുവ് വഴി വാഹനങ്ങൾ കടത്തിവിടുന്നത് അപകടത്തിന് കാരണമാകുന്നതിനാൽ നിലവിലെ സ്ഥിതി തുടരാൻ യോഗം തീരുമാനിച്ചു. റോഡരികുകളിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗം ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.


കോഴിക്കോട് നഗരത്തിലെ പ്രധാന ജങ്ഷനുകളിലുള്ള ട്രാഫിക് സിഗ്‌നലുകളിൽ പലതും സാങ്കേതിക പ്രശ്നങ്ങൾ കാരണം ഉപയോഗശൂന്യമായ സാഹചര്യത്തിൽ പകരം സ്മാർട്ട് ട്രാഫിക് സിഗ്‌നൽ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള പ്രൊപ്പോസൽ തയാറാക്കി സമർപ്പിക്കാൻ കൗൺസിൽ യോഗം നിർദേശം നൽകി.

രാമനാട്ടുകര-ഫറോക്ക് റൂട്ടിലെ പെരുമുഖം ബസ് സ്റ്റോപ്പിന് സമീപം വാഹനങ്ങൾക്കും യാത്രക്കാർക്കും അപകട ഭീഷണിയുയർത്തുന്ന വൈദ്യുത ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കാനും നിർദേശിച്ചു. അരയിടത്തുപാലം മേൽപ്പാലത്തിന്റെ ഇരുവശങ്ങളിലും ഡിവൈഡർ ഇല്ലാത്തതിനാൽ ഇവിടെ നിന്ന് വാഹനങ്ങൾ യു-ടേൺ എടുക്കാൻ ശ്രമിക്കുന്നത് അപകടങ്ങൾക്ക് കാരണമാവുന്നതായി യോഗം വിലയിരുത്തി. പ്രശ്നം പരിഹരിക്കുന്നത് നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് കലക്ടർ നിർദേശം നൽകി.

ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന ജില്ലാ റോഡ് സുരക്ഷ കൗൺസിൽ യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ സന്തോഷ് കുമാർ, വടകര ആർ.ടി.ഒ ഇ. മോഹൻദാസ്, ഡിവൈ.എസ്.പി (ഡിസിആർബി) എ. അഭിലാഷ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പ്, കെ.എസ്.ഇ.ബി, ജല അതോറിറ്റി, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, കെ.എസ്.ടിപി പ്രതിനിധികൾ പങ്കെടുത്തു.



Post a Comment

0 Comments