കോഴിക്കോട്: താമരശ്ശേരി ചുരം റോഡിലെ മൂന്ന് ഹെയർപിൻ വളവുകൾകൂടി വീതികൂട്ടി നിവർത്തുന്നതിന് ഭരണാനുമതിയായി. കേരള പൊതുമരാമത്ത് വകുപ്പ് ദേശീയ പാത വിഭാഗത്തിന്റെ മേൽനോട്ടത്തിൽ ആറ്, ഏഴ്, എട്ട് വളവുകളാണ് നവീകരിക്കുക. ഇതിനായി, പിഡബ്‌ള്യുഡി നൽകിയ എസ്റ്റിമേറ്റ് പ്രകാരം 37.16 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുവദിച്ചു.
വനഭൂമിയിൽ ഉൾപ്പെടുന്ന ഈ വളവുകൾ സാധിക്കുന്നത്രയും നിവർത്താൻ ആവശ്യമായ മരം മുറിക്കുന്നതിനുള്ള അനുമതിയോടെ വനംവകുപ്പ് ഭൂമി കൈമാറിയിട്ടുണ്ട്. ഇന്ത്യൻ റോഡ് കോൺഗ്രസിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച് പേവ്ഡ് ഷോൾഡറുകളോട് കൂടിയാണ് വളവുകൾ വീതി കൂട്ടി നിവർത്തുക.
കരാർ നടപടികൾ നിശ്ചിത സമയത്തിനുള്ളിൽ നടത്തി പണി എത്രയുംവേഗം വേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. കോഴിക്കോട് വയനാട് പാതയിൽ തിരക്കേറുന്ന സമയങ്ങളിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് ചുരം റോഡിലെ വളവുകളുടെ വീതിക്കുറവ് ഉൾപ്പെടെയുള്ള കാര്യങ്ങൾമൂലം ഉണ്ടാകുന്നത്. പലയിടത്തും ടാർ ചെയ്ത ഭാഗത്ത് അഞ്ചേകാൽ മീറ്റർവരെ വീതിയേയുള്ളൂ. ഇതിൽ ആറാംവളവാണ് ഏറ്റവും ദുഷ്‌കരമായിരുന്നത്. കൂടുതൽ വളവുകൾ വീതികൂട്ടി നിവർത്തുന്നതോടെ ആ പ്രശ്‌നത്തിന് കുറേയേറെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.മൂന്ന്, അഞ്ച് വളവുകളുടെ നവീകരണം നേരത്തേ പൂർത്തിയാക്കിയിരുന്നു.
0 Comments