Ticker

6/recent/ticker-posts

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ 'കവചം' പദ്ധതി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ കവചം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിലാണ് പദ്ധതി ഉദ്ഘാടനം.


ഇതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകൾ ഒരുമിച്ച് മുഴങ്ങും. ഉദ്ഘാടന സമയം സംസ്ഥാനത്തെ എല്ലാ സൈറണുകളും ഒരേ സമയം പ്രവർത്തിക്കുമെന്നും ജനം പരിഭ്രാന്തരാകരുത് എന്നും അധികൃതർ അറിയിച്ചു.

ഈ 91 കവചങ്ങളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്റ് ഹസാർഡ്‌സ് മാനേജ്‌മെന്റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ കേന്ദ്ര നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് സന്ദേശങ്ങളിലൂടെയും സൈറൻ വിസിലിലൂടെയും പൊതുജനങ്ങളെ അറിയിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


Post a Comment

0 Comments