കോഴിക്കോട് : രാജ്യത്തിന്റെ 76ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായുള്ള ജില്ലയിലെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. 26ന് രാവിലെ ക്യാപ്റ്റൻ വിക്രം മൈതാനത്താണ് ജില്ലാതല റിപ്പബ്ലിക് ദിന പരിപാടികൾ നടക്കുക. ജില്ലാതല ഉദ്ഘാടനം മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. രാവിലെ ഒമ്പതിന് മന്ത്രി ദേശീയ പതാക ഉർത്തും. പരേഡിന് അഭിവാദ്യം സ്വീകരിച്ച് റിപ്പബ്ലിക് ദിന സന്ദേശം നൽകും. ചടങ്ങിൽ ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, മറ്റ് ജനപ്രതിനിധികൾ, കലക്ടർ, ജില്ല പൊലിസ് മേധാവി, സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും.
പൊലിസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാ സേന, എൻ.സി.സി, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, സ്‌കൂൾ ബാൻഡ് അടക്കമുള്ള 25 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരക്കും. പരേഡിന് മുന്നോടിയായുള്ള റിഹേഴ്സൽ പരേഡ് ഇന്നും നാളെയുമായി ക്യാപ്റ്റൻ വിക്രം മൈതാനത്ത് പകൽ മൂന്നിന് നടത്തും. 24ന് രാവിലെ 7.30ന് അന്തിമ ഡ്രസ് റിഹേഴ്സൽ നടക്കും. റിപ്പബ്ലിക്ക് ദിനാഘോഷം, പരേഡ് തുടങ്ങിയവ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് നടക്കുന്നത്.
0 Comments