Ticker

6/recent/ticker-posts

നന്മണ്ട ഉവ്വാക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

നന്മണ്ട: രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ പ്ലാസ്റ്റിക്ക് കുപ്പികൾ വലിച്ചെറിഞ്ഞ് മലിനമായി കൊണ്ടിരിക്കുന്ന ഉവ്വാക്കുളം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏഴുകുളം എന്ന നാമകരണത്തിൽ ഏഴാമത്തെ കുളമായാണ് ഉവ്വാക്കുളം അറിയപ്പെടുന്നതെങ്കിലും പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയിലാണിപ്പോൾ. 

റോഡരികിലുള്ള ഓടകളുടെ നിർമ്മാണം പാതി വഴിയിൽ നിലച്ചതോടെ കാലവർഷമായാൽ ഓടകളിലൂടെ ഒഴുകി വരുന്ന മലിന ജലവും മണ്ണും ഒലിച്ച് വന്ന് കുളത്തിന്റെ മുക്കാൽ ഭാഗവും മണ്ണ് കുമിഞ്ഞുകൂടിയിരിക്കയാണ്. കൂടാതെ വേലായുധൻ നായർ റോഡിലൂടെയും കുന്നുമ്മൽ റോഡിലൂടെയും ഒഴുകിയെത്തുന്ന മഴ വെള്ളവും പതിക്കുന്നത് ഉവ്വാക്കുളത്തിലാണ്. കരിയാത്തൻകാവ് റോഡിന് വീതി കൂട്ടിയപ്പോൾ കുളത്തിന്റെ കുറച്ചു ഭാഗം റോഡ് വികസനത്തിനായി എടുത്തതോടെയാണ് കുളത്തിന്റെ നാശം ആരംഭിച്ചത്. പഴയ കാലത്ത് വേനലിലും കുളം വെള്ളം സംഭരിച്ചിരുന്നതിനാൽ പ്രദേശത്തെ കിണറുകളിൽ പോലും വെള്ളം സുലഭമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നിലവിലെ ഓടകളുടെ നിർമ്മാണം പൂർത്തിയാക്കിയാൽ ഉവ്വാക്കുളത്തെ മാലിന്യ മുക്തമാക്കാനാവും. അതിന് പൊതുമരാമത്ത് വകുപ്പൊ ത്രിതല പഞ്ചായത്തുകളൊ കനിയണം. ഓരോ ജലദിനം വരുമ്പോഴും ഉവ്വാക്കുളം പൊതു വികാരമായി മാറാറുണ്ടെങ്കിലും പിന്നെ ഒന്നും കേൾക്കാറില്ലായെന്നതാണ് വസ്തുത. കുളത്തിൽ കുമിഞ്ഞുകൂടിയ മണ്ണം ചെളിയും പ്ലാസ്റ്റിക്ക് മാലിന്യവും കോരിയെടുക്കുന്നതോടൊപ്പം കുളത്തിന് ആഴം കൂട്ടുകയും ഒഴുക്കിന് തടസ്സമായി നിൽക്കുന്ന ആൽമരത്തിന്റെ വേര് മുറിച്ചു മാറ്റുകയും ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.


മാലിന്യമുക്തനവകേരളത്തിന്റെ ഭാഗമായി കുളത്തിലെ മാലിന്യം നീക്കി ശുദ്ധജല സ്രോതസ്സായി മാറ്റാനുള്ള ശ്രമം ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി


Post a Comment

0 Comments