മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് ആശ്വാസവുമായി ടെലികോം റെഗുലേറ്ററി അതോരിറ്റി ഓഫ് ഇന്ത്യ. ദീർഘകാലമായി ഉപയോഗിക്കാതിരിക്കുന്ന പ്രീപെയ്ഡ് സിം കാർഡുകൾ പ്രവർത്തനരഹിതമാക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങളിൽ ട്രായ് വ്യക്തത വരുത്തി. മിനിമം ബാലൻസുണ്ടെങ്കിൽ സിം പ്രവർത്തനരഹിതമാക്കുന്നത് തടയുന്നത് സംബന്ധിച്ച നിയന്ത്രണം ട്രായ് മുന്നോട്ടുവച്ചിട്ട് പത്തുവർഷത്തിൽ കൂടുതലായിട്ടുണ്ട്. അക്കൗണ്ടിൽ മിനിമം ബാലൻസ് ആയ 20 രൂപ നിലനിർത്തി സിം ഉപയോക്താക്കൾക്ക് സിം സജീവമായി നിർത്താൻ സാധിക്കും. നേരത്തേ സിം സജീവമായി നിലനിർത്തുന്നതിനായി ഒരു നിശ്ചിത തുകയ്ക്ക്(ഏകദേശം 199 രൂപ) ഉപയോക്താക്കൾ സിം റീച്ചാർജ് ചെയ്യേണ്ടതുണ്ടായിരുന്നു. എന്നാൽ ഈ നിയമം അത്തരത്തിൽ തുടർച്ചയായി റീച്ചാർജ് ചെയ്യേണ്ടതിന്റെ ആവശ്യകതയില്ലെന്ന് വ്യക്തമാക്കുന്നതാണ്.
എന്താണ് ട്രായുടെ 20 രൂപ നിയമം
നിങ്ങൾ സിം കാർഡ് 90 ദിവസത്തേക്ക് കോൾ, മെസേജ്, ഡേറ്റ, മറ്റു ആവശ്യങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നില്ലെങ്കിൽ സിം പ്രവർത്തന രഹിതമാകും.
എന്നിരുന്നാലും നിങ്ങളുടെ അക്കൗണ്ടിൽ 20 രൂപയിൽ കൂടുതൽ ഉണ്ടെങ്കിൽ 90 ദിവസത്തിന് ശേഷം ഈ 20 രൂപ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് സ്വയമേവ കുറയ്ക്കുകയും സിം അടുത്ത 30 ദിവസത്തേക്ക് കൂടി പ്രവർത്തനക്ഷമമാകുകയും ചെയ്യും.
നിങ്ങളുടെ ഫോണിൽ 20 രൂപയുടെ ബാലൻസ് ഉള്ളിടത്തോളം കാലം ഇത് തുടർന്നുപോകും.
നിങ്ങളുടെ ബാലൻസ് 20ൽ കുറയുന്നതോടെ സിം സ്വാഭാവികമായി പ്രവർത്തനരഹിതമാകുകയും ചെയ്യും.
അഥവാ പ്രവർത്തനരഹിതമാവുകയാണെങ്കിൽ 15 ദിവസങ്ങൾക്കുള്ളിൽ 20 രൂപ റീച്ചാർജ് ചെയ്തുകൊണ്ട് വീണ്ടും സിം പ്രവർത്തനക്ഷമമാക്കുന്നതിന് സാധിക്കും.
ഔദ്യോഗിക ആവശ്യത്തിനും വ്യക്തിഗത ആവശ്യത്തിനും രണ്ടു മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നവർ ഉൾപ്പെടെയുള്ളവർക്ക് ഈ നിയന്ത്രണം വളരെയധികം പ്രയോജനം ചെയ്യും. ഇത് പ്രീപെയ്ഡ് കണക്ഷനുകൾക്ക് മാത്രമാണ് ബാധകമാവുക
0 Comments