കോഴിക്കോട്: മെഡി. കോളജ് മാതൃശിശു സംരക്ഷണ കേന്ദ്ര (ഐ.എം.സി.എച്ച്) ത്തിലെ ഒ.പി ടിക്കറ്റ് കൗണ്ടറിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപറേറ്റർമാരെ നിയമിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തം. ഇതിനെതിരേ എൻ.ജി.ഒ അസോസിയേഷൻ മെഡി. കോളജ് സൂപ്രണ്ടിന് പരാതി നൽകി. കാലങ്ങളായി ആശുപത്രി അറ്റൻഡർമാരായി നിയമിച്ചവരാണ് ഒ.പി കൗണ്ടറുകളിൽ ജോലി ചെയ്തുവരുന്നത്. കംപ്യൂട്ടർ വൽക്കരണത്തിന് ശേഷം കംപ്യൂട്ടർ പരിജ്ഞാനമുള്ള ഹോസ്പിറ്റൽ അറ്റൻഡർ, നഴ്സിങ് അസിസ്റ്റന്റുമാർ എന്നിവരിൽനിന്ന് സന്നദ്ധരായവരെയാണ് ഇവിടെ നിയമിക്കാറുള്ളത്. ശുചീകരണ തൊഴിലാളികളായി ജോലിയിൽ പ്രവേശിച്ച് അവരുടെ സേവനകാലത്തിന്റെ അവസാന നാളുകളിൽ പ്രൊമോഷൻ തസ്തികയിൽ ജോലി ചെയ്യാനുള്ള അവസരമായും ഈ പോസ്റ്റിന് വേണ്ടി കാത്തിരിക്കുന്നവരുമുണ്ട്. ഇവരെയെല്ലാം അവഗണിച്ചാണ് പുതിയ നിയമനം നടത്താൻ ഒരുങ്ങുന്നത്. സ്ഥിരം തസ്തികയിലുള്ളവരെ പരമാവധി ഒഴിവാക്കി പിൻവാതിലിലൂടെ താൽക്കാലികക്കാരെ തിരുകികയറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
പ്രാരംഭ കാലത്തെ സ്റ്റാഫ് പാറ്റേൺ പ്രകാരം മാത്രം ജീവനക്കാരുള്ള മെഡി. കോളജിലെ ഭൂരിഭാഗം തസ്തികകളിലും പുതിയ തസ്തികകൾ സൃഷ്ടിക്കാതെയാണ് താൽക്കാലികക്കാരെ നിയമിക്കുന്നത്. ഒ.പി ടിക്കറ്റ് കൗണ്ടറിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപറേറ്റർമാരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും അല്ലെങ്കിൽ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്നും എൻ.ജി.ഒ അസോസിയേഷൻ മെഡി. കോളജ് ബ്രാഞ്ച് വ്യക്തമാക്കി.
0 Comments