Ticker

6/recent/ticker-posts

ഹാപ്പിയായിരിക്കാൻ ഹാപ്പിനെസ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു

കോഴിക്കോട്: കുടുംബങ്ങൾക്ക് സന്തോഷത്തിന്റെ മുഖച്ഛായ നൽകാൻ ഹാപ്പിനസ് കേന്ദ്രങ്ങൾ ഒരുങ്ങുന്നു. കുടുംബശ്രീ മിഷൻ 'ഹാപ്പി കേരള' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആരംഭിച്ച ഹാപ്പിനെസ് കേന്ദ്രങ്ങളാണ് ജില്ലയിലും സജീവമാകുന്നത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടത്തുന്ന ഹാപ്പിനെസ് കേന്ദ്രങ്ങളുടെ ഒന്നാംഘട്ടം പൂർത്തിയായി. പദ്ധതി നടപ്പാക്കുന്ന സി.ഡി.എസുകളിൽ നിന്നുള്ള റിസോഴ്സ് പേഴ്സൺമാരുടെ പരിശീലനമാണ് പൂർത്തിയായത്. 160 റിസോഴ്സ് പേഴ്സൺമാർ പരിശീലനത്തിൽ പങ്കെടുത്തു. നവംബർ, ഡിസംബർ മാസങ്ങളിലായാണ് പരിശീലനം പൂർത്തിയാക്കിയത്. ജില്ലയിൽ മാവൂർ, കാവിലുംപാറ, ചെറുവണ്ണൂർ, തിരുവള്ളൂർ, പുതുപ്പാടി, ഒളവണ്ണ, നന്മണ്ട, ബാലുശ്ശേരി, നരിപ്പറ്റ, എടച്ചേരി, മേപ്പയൂർ, ചോറോട് തുടങ്ങി 13 സി.ഡി.എസുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ഫെബ്രുവരിയോടെ 13 സി.ഡി.എസുകളിലെയും ഓരോ വാർഡുകളിലും ട്രയലായി ഹാപ്പിനെസ് കേന്ദ്രങ്ങളുടെ പ്രവർത്തനം ആരംഭിക്കും. ഫെബ്രുവരി 1ന് ചെറുവണ്ണൂർ സി.ഡി.എസ്സിൽ പദ്ധതിക്ക് തുടക്കമാകും. ട്രയൽ നടത്തിപ്പിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ പോരായ്മകളുണ്ടെങ്കിൽ പരിഹരിക്കും.



അതാത് സി.ഡി.എസുകൾക്കാണ് നടത്തിപ്പ് ചുമതല. തുല്യത, സാമ്പത്തിക സുസ്ഥിരത, പരിസ്ഥിതി, കല, സാഹിത്യം, കായികം, മാനസികാരോഗ്യം, പോഷകാഹാരം, ശുചിത്വം, ജനാധിപത്യ മൂല്യങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തികളോ കുടുംബമോ നേരിടുന്ന അപര്യാപ്തതകൾ പരിഹരിച്ച് സന്തോഷകരമായ ജീവിതത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളാണ് പദ്ധതി മുഖാന്തിരം ആസൂത്രണം ചെയ്യുന്നത്. എല്ലാപ്രായക്കാർക്കും എല്ലാ മേഖലകളിലുള്ളവർക്കും സഹായകരമാകും വിധത്തിലാണ് പദ്ധതി. വാർഡുകളിൽ 20 മുതൽ 40 വരെയുള്ള കുടുംബങ്ങൾ ഉൾക്കൊള്ളുന്ന ഇടം എന്ന പേരിൽ വാർഡുതല കൂട്ടായ്മയും രൂപീകരിക്കും. സർവേകൾ, മൈക്രോ പ്ലാൻ രൂപവത്കരണം തുടങ്ങിയ മറ്റു പരിപാടികളും സംഘടിപ്പിക്കും.





Post a Comment

0 Comments