ബാലുശേരി: ബാലുശേരി പനായിയിൽ അച്ചനെ മകൻ വെട്ടിക്കൊന്നു. പനായി ചാണോറ അശോകനെ (71) യാണ് മകൻ സുധീഷ് (35) വെട്ടിക്കൊന്നത്. ഇന്നലെ വൈകീട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം പുറം ലോകമറിയുന്നത്. പകൽ ഏത് സമയത്താണ് കൊല നടന്നതെന്ന് വ്യക്തമല്ല. അച്ഛനും മകനും മാത്രമാണ് വീട്ടിൽ താമസമുണ്ടായിരുന്നത്. രാത്രിയായിട്ടും വീട്ടിൽ വെളിച്ചമൊന്നും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ അശോകന്റെ മൃതദേഹം കാണുന്നത്. തലക്ക് വലിയ രീതിയിലുള്ള പരിക്കുളളതായി അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്ന സി.ഐ ടി.പി. ദിനേശൻ പറഞ്ഞു. എന്നാൽ ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. അച്ഛനും മകനും തമ്മിൽ ഇന്ന് പകൽ വഴക്കുണ്ടയതായി സമീപത്തുള്ളവർ പറയുന്നു. വാക്ക് തർക്കമാവാം കൊലപാതകത്തിലെക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അശോകന്റെ ഭാര്യ ശോഭനയെ 13 വർഷം മുമ്പ് വീട്ടിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഇളയ മകൻ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു. ഇതിനു ശേഷം അച്ഛനും മൂത്ത മകൻ സുധീഷും മാത്രമാണ് വീട്ടിൽ താമസം. കൊലപാതകത്തിനു ശേഷം വീട് വിട്ടിറങ്ങിയ സുധീഷിനെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിട്ടുണ്ട്. കൊല നടന്ന വീട് പോലീസ് കാവലിലാണ്. സംഭവം അറിഞ്ഞ് നിരവധി പേരാണ് ഇവിടെയെത്തിയത്. പെട്ടെന്നുണ്ടായ സംഭവം വിശ്വസിക്കാനാകാതെയാണ് നാട്ടുകാർ.
0 Comments