Ticker

6/recent/ticker-posts

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാനുള്ള ശ്രമത്തിൽ താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ ;കുപ്രചാരണങ്ങൾ തള്ളിക്കളയണം

താമരശ്ശേരി : ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിനെതിരെയുള്ള കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് പി ടി എ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്, 9 കോടിയോളം രൂപ ചിലവഴിച്ചുള്ള പുതിയ കെട്ടിടങ്ങളുടെ നിർമ്മാണ പ്രവൃത്തി പുരോഗമിച്ച് വരികയാണ്. താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷൻ സെൻററുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു വിദ്യാർഥി ദാരുണമായി മരണപ്പെട്ട വിഷയത്തിൽ താമരശ്ശേരിയിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ഉന്നതിയിലേക്ക് കുതിക്കുന്ന ഹൈസ്കൂളിനെ ചില കോണുകളിൽ നിന്നും വ്യാജ  പ്രചാരണങ്ങളിലൂടെ തകർക്കാനുള്ള ഗൂഢനീക്കം നടക്കുന്നുണ്ടെന്നും, ഇത്തരം പ്രചരണങ്ങൾ അവജ്ഞയോടെ തള്ളിക്കളയണമെന്നും പിടിഎ, എസ്എംസി, എസ് പി ജി ഭാരവാഹികൾ പറഞ്ഞു. 


നൂറ് ശതമാനം വിജയത്തിൽ തുടർച്ചയായി അഞ്ച് വർഷം നിലനിൽക്കുന്നതും സർക്കാരിൻ്റെയും എം എൽ എ യുടെയും ജില്ലാ പഞ്ചായത്തിൻ്റേയും ശ്രമഫലമായി ഭൗതിക സൗകര്യങ്ങൾ വിശാല സൗകര്യങ്ങളോടെ മെച്ചപ്പെടുന്നതും, പാഠ്യ-പാഠ്യേതര രംഗങ്ങളിൽ ദേശീയ തലം വരെ എത്തിയതുമെല്ലാമാണ് പരിസര പ്രദേശത്തെ ചില കോണുകളിൽ നിന്നും സ്കൂളിനെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കാൻ കാരണം എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അഞ്ച് മുതൽ 2ഹയർ സെക്കൻ്ററികൾ അടക്കം 2200 ഓളം സാധാരണ കുടുംബങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം എല്ലാ നിലയിലും ഇന്ന് മുന്നേറിക്കൊണ്ടിരിക്കുകയാണ്. ജൂൺ മുതലുള്ള ചിട്ടയായ പഠനങ്ങൾ, മോണിംഗ് ഈവനിംഗ് കോച്ചിംഗുകൾ, നൈറ്റ് ക്ലാസ്സുകൾ, പഠന ക്ലിനിക്കുകൾ, ക്യാമ്പുകൾ തുടങ്ങി അധ്യാപകരും പിടിഎ യും രക്ഷിതാക്കളും ഒരുമിച്ച് നിന്നാണ് ഈ നേട്ടം സ്ഥാപനം കൈവരിച്ചത്. പുതിയ യൂണിഫോമിൽ 90 ഓളം കുട്ടികൾ ഈ വർഷം സ്ഥാപനത്തിൽ മുൻവർഷത്തേക്കാൾ അധികമായി വന്നിരുന്നു. കലാ കായിക രംഗത്ത് വലിയ നേട്ടമുണ്ടാക്കാൻ സ്ഥാപനത്തിന് സാധിച്ചു.മോഹിനിയാട്ടം, കേരളനടനം എന്നിവയിലും സ്പോർട്സ്  ഗെയിംസ് ഇനങ്ങളിലും ശാസ്ത്ര സമ്മേളനങ്ങളിലും സംസ്ഥാന തലത്തിൽ നമ്മുടെ കുട്ടികൾ ജേതാക്കളായി. ദേശീയ റിപ്പബ്ലിക്ദിന പരേഡിൽ സ്റ്റേറ്റിനെ പ്രതിനിധീകരിക്കാൻ എൻ സി സി കേഡറ്റിന് സാധിച്ചു.

സ്കിൽ ഡവലപ്മെൻറ് സെൻ്റർ, എൻ എസ് എസ്, എൻ സി സി, എസ് പി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി, സ്കൗട്ട് ആൻറ് ഗൈഡ്സ് സംവിധാനമെല്ലാം ഒരുമിച്ചുള്ള ഏക സ്ഥാപനം. ഇതെല്ലാമുള്ള, പിന്നാക്കക്കാരുടെ മക്കൾ പഠിച്ച് മുന്നേറുന്ന ഒരു സ്ഥാപനത്തിനെതിരെയുള്ള ഏത് നീക്കവും അപലപനീയമാണ്.


ഒരു വിദ്യാർഥിയുടെ ജീവൻ അപഹരിക്കപ്പെട്ടത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. അതിനു കാരണക്കാരായ കുട്ടികൾ നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷാനടപടികൾക്കും വിധേയമാക്കപ്പെടണം. തെറ്റിനെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഏത് അനിഷ്ട സംഭവവും ഒഴിവാക്കപ്പെടേണ്ടതാണ്. പക്ഷെ, തികച്ചും പുറമെ വെച്ച് നടന്ന ഒരു അക്രമസംഭവത്തിലേക്ക് ഈ സ്ഥാപനത്തെ വലിച്ചിഴക്കുന്നതിനു പിന്നിൽ നിക്ഷിപ്ത താല്പര്യങ്ങളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശന നടപടികളിലേക്ക് പോകുന്ന ഈ സന്ദർഭം, തസ്തിക നഷ്ടത്തിലൂടെ കോടികൾ നഷ്ടപ്പെടുന്നവർക്ക് ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. ഇത് ജനം തിരിച്ചറിയുന്നുണ്ട്. കിട്ടിയ അവസരം മുതലെടുപ്പിൻ്റേതാക്കി മാറ്റുവാൻ ആരേയും അനുവദിക്കില്ല.ട്യൂഷൻ സെൻററുമായി ബന്ധപ്പെട്ട് നടന്ന അനിഷ്ട സംഭവങ്ങളുടെ നിജസ്ഥിതി താമരശ്ശേരി ഡിഇഒ കൃത്യമായി റിപ്പോർട്ട് ചെയ്തതാണ്. താമരശ്ശേരിയിലെ ജനങ്ങൾക്ക് എന്നും ആശ്രയിക്കാവുന്ന, ട്യൂഷനുകളുടെ അമിത ഭാരം ആവശ്യമില്ലാത്ത വിധം അധ്യയനം സാധ്യമാക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനത്തെ സ്നേഹിക്കുന്ന മനുഷ്യരെല്ലാം അപവാദ പ്രചാരണങ്ങളെ തിരിച്ചറിയണമെന്നും തള്ളിക്കളയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Post a Comment

0 Comments