Ticker

6/recent/ticker-posts

താമരശ്ശേരി തിരുവനന്തപുരം ബസ് സർവ്വീസ് വീണ്ടും ആരംഭിച്ചു

താമരശ്ശേരി. താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ്ഡിപ്പോയിൽ നിന്നും കോവിഡിനു മുൻപ് വിജയകരമായി സർവ്വീസ് നടത്തുകയും കോവിഡിനു ശേഷം പുനസ്ഥാപിക്കാതിരിക്കുകയും ചെയ്തിരുന്ന തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് സർവ്വീസിൻ്റെ ഉദ്ഘാടനം ഡോ.എം.കെ.മുനീർ എംഎൽഎ നിർവ്വഹിച്ചു. താമരശ്ശേരി കെ.എസ്.ആർ.ടി.സി സബ്ഡിപ്പോയുടെ സമഗ്രവികസനവുമായി ബന്ധപ്പെട്ട് താമരശ്ശേരി വികസന സമിതിയുടെ നേതൃത്വത്തിൽ എം എൽ എ മുഖേന കേരള ഗതാഗത വകുപ്പ്‌ മന്ത്രി കെ.ബി.ഗണേഷ് കുമാറിന് നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സർവ്വീസ് പുനരാംരംഭിച്ചത്. ഡിപ്പോയുടെ സമഗ്രവികസനത്തിൻ്റെ ഭാഗമായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്ന പ്രവൃത്തി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നതായി എം എൽ എ അറിയിച്ചു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ മന്ത്രിമാർ എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥന്മാർ വീഴ്ചവരുത്തുന്ന നടപടി ഒരിക്കലും അംഗീകരിക്കുവാൻ സാധിക്കുകയില്ലെന്നും അത്തരം ആളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു. നേരത്തെ മന്ത്രിതല ചർച്ചയിൽ അനുവദിച്ച മൈബൈൽ വർക്ക്ഷോപ്പ് യൂണിറ്റ് താമസിയാതെ ഡിപ്പോക്ക് കൈമാറുമെന്നും അദ്ധേഹം പറഞ്ഞു.  ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ.അരവിന്ദൻ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്റ്റാൻസ്റ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം ടി.അയ്യൂബ് ഖാൻ, മഞ്ജിത കുറ്റ്യാക്കിൽ, സന്ദീപ് മാടത്തിൽ, വി.കെ.അഷ്റഫ്. സാലി കൂടത്തായി, വിവിധ യൂണിയൽ പ്രതിനിധികളായ ടി.വിനോദ് കുമാർ, സി.പി അബ്ദുൽ ലത്തീഫ്, സജീവൻ തുടങ്ങിയവർ സംസാരിച്ചു. ഡിപ്പോ എ.ടി.ഒ.കെ.സുമേഷ് സ്വാഗതവും സൂപ്രണ്ട് രാജാക്ഷി നന്ദിയും പറഞ്ഞു. താമരശ്ശേരിയിൽ നിന്നും രാവിലെ 5:15 ന് പുറപ്പെടുന്ന സർവ്വീസ് മലയോര ഹൈവേയിലൂടെ രാത്രി 7 മണിയോടു കൂടി തിരുവനന്തപുരം കളിയിക്കവിളയിൽ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും രാവിലെ 8:10 ന് പുറപ്പെടുന്ന സർവ്വീസ് മലയോര ഹൈവേയിലൂടെ പുറപ്പെട്ട് രാത്രി 10 മണിക്ക് താമരശ്ശേരിയിൽ എത്തിച്ചേരുന്നതുമാണ്.


Post a Comment

0 Comments